പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചത് കുടുംബത്തിന്റെ മാനം കാക്കാന്‍, അവരെ ശരണ്യ മനോജിന്റെ വീട്ടില്‍ തടവിലാക്കി, ഗൂഢാലോചനയില്‍ ഗണേശന്റെ പങ്ക് തുറന്ന് പറഞ്ഞ് സഹോദരി ഉഷാ മോഹന്‍ദാസ്‌

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ്. കുടുംബത്തിന്റെ മാനം കാക്കാൻ അച്ഛൻ ബാലകൃഷ്ണപിള്ള പരാതിക്കാരിയെ സഹായിച്ചെന്നും. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചനനടത്തിയത്  ശരണ്യ മനോജും, ഗണേഷ് കുമാറുമെന്ന് അവർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയവർ തന്നെയാണ് സൂത്രധാരന്മാരെന്നും ,അവർ ചെയ്ത പ്രവർത്തികളുടെ ഉത്തരവാദിത്തം തന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയുടെ തലയ്ക്ക് വയ്ക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.ബാലകൃഷ്ണ പിള്ള പരാതിക്കാരിയെ സാമ്പത്തികമായി സഹായിക്കുന്നതുൾപ്പെടെ പലതും ചെയ്തിട്ടുണ്ട്. അതെല്ലാം കുടുംബത്തിന്റെ മാന്യത കാത്തു സൂക്ഷിക്കുവാനാണ്.

ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ മോശമായ ഒരു വാക്കുപോലും ഉണ്ടായിരുന്നില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞതായും വെളിപ്പെടുത്തി. പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ച് ഗൂഢാലോചന നടന്നുകാണുമെന്നാണ് ഉഷയുടെ ആരോപണം. ഗണേഷും ചേർന്ന ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് അത് താനായിട്ടിനി പറയില്ലെന്നാണ് ഉഷ മാധ്യമങ്ങൾക്ക് നൽകിയ മറുപടി.

സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിൽ കേസിൽ നടന്ന ഗൂഢാലോചന വിവരങ്ങളും ഉൾപ്പെടുത്തി പുറത്തുവന്നിരുന്നു. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ.

സിബിഐ റിപ്പോർട്ടിന് പിറകെ സോളാറിൽ ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് വെളിപ്പെടുത്തി പിസി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിപക്ഷം സർക്കാരിനെതിരെ ആ‍ഞ്ഞടിച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉമ്മൻചാണ്ടിയോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.