ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല; ഗവർണർക്ക് കത്തയച്ചു

ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല.മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് ജസ്റ്റിസ് എസ് മണികുമാര്‍ ഗവർണർക്ക് മെയില്‍ അയച്ചു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് ജസ്റ്റിസ് എസ് മണികുമാറിന്റെ വിശദീകരണം. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യമില്ല. തനിക്ക് അസുഖങ്ങളുണ്ടെന്നും അച്ഛന്റെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും എസ് മണികുമാര്‍ വിശദീകരിക്കുന്നു.

ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ കഴിഞ്ഞ ദിവസമാണ് ഗവർണർ ഒപ്പുവച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ വിയോജനക്കുറിപ്പോടെയായിരുന്നു മണികുമാറിന്റെ നിയമനം. ഇതിന് പിന്നാലെയാണ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി എസ് മണികുമാർ ഗവർണർക്ക് കത്തയച്ചത്.

ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജിപ്പും പരാതികളും ഉയർന്നതോടെ എസ് മണികുമാറിന്റെ നിയമനം സംബന്ധിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ വൈകിച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിയോജന കുറിപ്പ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മണികുമാറിന്റെ നിയമനം ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. തമിഴ്‌നാട് സ്വദേശിയായ എസ് മണികുമാർ ഏപ്രിൽ 24നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.