മലയാളി മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ്: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

മംഗളുരുവില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. തിരുവനന്തപുരത്തും പാലക്കാടുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

അതേ സമയം മാധ്യമ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയത്.

മംഗളുരുവില്‍ വെന്റ്ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും ക്യാമറകളും പിടിച്ചെടുത്തു.