ഇടതു സര്‍ക്കാരിനുള്ളത് മുസ്‌ളിം പ്രീണനമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍, മുന്നണി വിടാന്‍ ജോസ് കെ. മാണിക്ക് മേല്‍ സമ്മര്‍ദ്ദം

പിണറായി സര്‍ക്കാരിനോടുള്ള ക്രൈസ്തവ മേലധ്യക്ഷന്‍മാരുടെ അസംതൃപ്തി ജോസ് കെ മാണിയെയും കേരളാ കോണ്‍ഗ്രസിനെയും കനത്ത സമ്മര്‍ദ്ധത്തിലാക്കുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് പരോക്ഷ പിന്തുണ നല്‍കിയ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വളരെ പെട്ടെന്ന് തന്നെ പിണറായി സര്‍ക്കാരിന് എതിരായിരിക്കുകയാണ്. ഇതിന്റെ സമ്മര്‍ദ്ദം മുഴുവന്‍ അനുഭവിക്കുന്നത് ജോസ് കെ മാണിയും അദ്ദേഹത്തിന്റെ കേരളാ കോണ്‍ഗ്രസുമാണ്. സമ്മര്‍ദ്ധം ശക്തമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നേ കേരളാ കോണ്‍ഗ്രസിന് ഇടതുമുന്നണി വിടേണ്ടി വരുമെന്ന സൂചനയുമുണ്ട്്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടാണ് ജോസ് കെ മാണിയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്. നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെത്തുടര്‍ന്ന് പാലാ അതിരൂപതയും സര്‍ക്കാരും തമ്മില്‍ വലിയ അകല്‍ച്ചയിലാണ്. അതോടൊപ്പം സര്‍ക്കാര്‍ മുസ്‌ളീം വിഭാഗത്തെ അതിരുകടന്ന് പ്രീണിപ്പിക്കുന്നുവെന്ന പരാതി ക്രൈസ്തവ ബിഷപ്പുമാര്‍ക്കിടയില്‍ വ്യാപകമായുണ്ട്. ആലപ്പുഴ ജില്ലാ കളക്റ്ററെ മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്നത് തികഞ്ഞ മുസ്‌ളീം പ്രീണനമാണ് എന്നാണ് ക്രൈസ്തവ ബിഷപ്പുമാര്‍ പ്രത്യേകിച്ച കത്തോലിക്കാ ബിഷപ്പുമാര്‍ ആരോപിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നില്‍ക്കുന്നതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന് യാതൊരു ഗുണവുമില്ലന്നാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ കരുതുന്നത്. വളരെ ജൂനിയറായ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസിന്റെ മന്ത്രി. കാബിനറ്റ് യോഗത്തില്‍ പോലും അദ്ദേഹത്തിന് വായ് തുറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സ്റ്റാഫുകള്‍ പോലും സി പി എം നിയോഗിച്ചവരാണ്. ജോസ് കെ മാണിക്ക് ഇടതുമുന്നിയിലും ഇത് തന്നെയാണ് അവസ്ഥ. ക്രൈസ്തവ വിഭാഗങ്ങളുടെ പ്രത്യേകിച്ച കത്തോലിക്കാ സഭയുടെ വിഷയങ്ങള്‍ സര്‍ക്കാരിനുമുമ്പില്‍ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാനും കേരളാ കോണ്‍ഗ്രസിന് കഴിയുന്നില്ല. വിവിധ മത സമുദായങ്ങളുടെ വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധം കൂടുതലുള്ളത് കാന്തപുരം അബൂബക്കര്‍ മുസ്‌ളിയാരെപ്പോലുളള മുസ്‌ളീം നേതാക്കള്‍ക്കാണ്. ക്രൈസ്തവ മത മേലധ്യക്ഷന്‍മാരില്‍ മുഖ്യമന്ത്രിയുമായി അടുത്ത് വ്യക്തിബന്ധമുള്ളവര്‍ വളരെ കുറവാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം ക്രൈസ്തവ സഭകളെ സര്‍ക്കാര്‍ കാര്യമായി വിശ്വാസത്തിലെടുക്കുന്നില്ല. തൃക്കാക്കരയില്‍ വന്‍തോതില്‍ ക്രൈസ്തവ വോട്ടുകള്‍ സി പി എമ്മിനെതിരെ തിരിഞ്ഞിരുന്നു. സഭയുടെ സ്ഥാനാര്‍ത്ഥിയാണ് ഇടതു മുന്നണി നിര്‍ത്തിയ ഡോ ജോ ജോസഫെന്ന പ്രചരണം വലിയ തിരിച്ചടിയാണ് സി പി എമ്മിനുണ്ടാക്കിയത്. തൃക്കാക്കരയിലെ വലിയ വോട്ടുബാങ്കായ റോമന്‍ കത്തോലിക്കാ സഭയുടെ വോട്ടുകള്‍ ഭൂരിഭാഗവും സി പിഎമ്മിന് ഏതിരായി വീണു.

കോട്ടയം ഇടുക്കി ജില്ലകളിലെ ജനസംഖ്യാ അനുപാതം മാറുന്നതും ഈ ജില്ലകളില്‍ ക്രൈസ്തവ വിഭാഗത്തിന് പല കാര്യങ്ങളിലമുള്ള മേധാവിത്വം നഷ്ടപ്പെടുന്നതും സഭയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. കേരളമുണ്ടായതിന് ശേഷം ഇതാദ്യമായാണ് കത്തോലിക്കാ സഭകള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത സര്‍ക്കാര്‍ കേരളത്തിലുണ്ടാകുന്നത് എന്നാണ് സഭാ വൃത്തങ്ങള്‍ പറയുന്നത്. തങ്ങള്‍ മുന്‍കൈ എടുത്താണ് ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിച്ചതെന്നും എന്നാല്‍ അത് കൊണ്ട് കാര്യമായ യാതൊരു പ്രയോജനവും ഉണ്ടായില്ലന്നുമാണ് കത്തോലിക്കാ ബിഷപ്പുമാര്‍ കരുതുന്നത്.