കത്തോലിക്കാ സഭ കണ്ണുരുട്ടി, ജോസ് കെ. മാണി സര്‍ക്കാരിന് എതിരെ തിരിഞ്ഞു, ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ദുഷ്‌കരമെന്നും സൂചന

വിഴിഞ്ഞം സംഭവത്തില്‍ ജോസ് കെ മാണി സര്‍ക്കാരിനെതിരെ തിരിഞ്ഞത് കത്തോലിക്കാ സഭയുടെ കടുത്ത സമ്മര്‍ദ്ധം മൂലമെന്ന് സൂചന. കഴിഞ്ഞ കുറെ നാളുകളായി കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തോലിക്കാ സഭ പ്രത്യേകിച്ച് പാലാ രൂപതാ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ട് വരികയായിരുന്നു. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ മുസ്‌ളീം സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയും അതെ തുടര്‍ന്ന് സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തതോടെ കുടുക്കിലായത് ജോസ് കെ മാണിയായിരുന്നു. തന്നെ വന്ന കണ്ട് ജോസ് കെ മാണിയോട് കടുത്ത എതിര്‍പ്പാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ പ്രകടിപ്പിച്ചത്.

ഇടതു മുന്നണിയില്‍ തുടരുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് അന്ന് പാലാ ബിഷപ്പ് അടക്കമുളളവര്‍ പ്രകടിപ്പിച്ചത്. ജോസ് കെ മാണി ഇടതു മുന്നണിയില്‍ തുടരുന്നത് കൊണ്ട് സഭക്ക് യാതൊരു പ്രയോജനമില്ലന്നും ബിഷപ്പ് അന്ന് സൂചിപ്പിച്ചിരുന്നു. ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ മുസ്‌ളീം മത നേതാക്കള്‍ക്ക് പലപ്പോഴും കീഴടങ്ങുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കത്തോലിക്കാ ബിഷപ്പുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. യു ഡി എഫ് മന്ത്രിസഭകളില്‍ കേരളാ കോണ്‍ഗ്രസുകള്‍ക്ക് ലഭിക്കുന്നത് മികച്ച വകുപ്പുകളായിരിക്കും. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ഏക മന്ത്രിയായ റോഷി അഗസ്റ്റിന് കൊടുത്തത് ജല വിഭവ വകുപ്പാണ്. മറ്റൊരു മന്ത്രിയായ ആന്റെണി രാജുവിന് രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം ലഭിച്ചത്.

സഭയുടെ അസംതൃപ്തി ജോസ് കെ മാണിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവച്ചതിന് പിന്നില്‍ കത്തോലിക്കാ സഭയുടെ പിന്തുണ വളരെ വലുതായിരുന്നു. പാലാ , കാഞ്ഞിരപ്പള്ളി, ച്ങ്ങനാശേരി രൂപതകളുടെ പിന്തുണയാണ് യഥാര്‍ത്ഥത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ. ഇവരില്‍ നിന്നും എതിര്‍പ്പുയര്‍ന്നാല്‍ അത് കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പി്‌ന് തന്നെ ഭീഷണിയാകും.

വിഴിഞ്ഞത്ത് ആര്‍ച്ച് ബിഷപ്പ് അടക്കമുള്ള പുരോഹിത വൃന്ദത്തിനെതിരെ കേസെടുത്തത് കത്തോലിക്കാ സഭയെ പ്രകോപിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയാണ് ബിഷപ്പിനെതിരെ കേസെടുത്തത് തെറ്റായി പോയെന്ന പരസ്യപ്രസ്താവന നടത്താന്‍ ജോസ് കെ മാണി തുനിഞ്ഞത്. ഇടതു മുന്നണിയുടെ നിര്‍ണ്ണായക തിരുമാനങ്ങളിലൊന്നും കേരളാ കോണ്‍ഗ്രസിനെ കാര്യമായി അടുപ്പിക്കാറില്ലന്ന പരാതി അവര്‍ക്ക് തുടക്കം മുതലെയുണ്ട്.

വിഴിഞ്ഞം സംഭവത്തില്‍ സര്‍ക്കാരിനതിരെ പ്രതികരിക്കാന്‍ ജോസ് കെ മാണിക്ക് മേല്‍ കത്തോലിക്കാ സഭാ മേലധ്യക്ഷന്‍മാരുടെ കടുത്ത സമ്മര്‍ദ്ധമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു സര്‍ക്കാര്‍ ബിഷപ്പുമാര്‍ക്കെതിരെ ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സഭകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.