ബിജെപിയുടെ സഖ്യകക്ഷിയാകാനുള്ള ശ്രമം വിജയിച്ചില്ല; കേരള കോണ്‍ഗ്രസ് എമ്മില്‍ അംഗത്വം സ്വീകരിച്ച് ജോണി നെല്ലൂര്‍

മുന്‍ കേരള കോണ്‍ഗ്രസ്സ് നേതാവ് ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അംഗത്വം സ്വീകരിച്ചു. ജോസ് കെ മാണിയില്‍ നിന്നാണ് അദേഹം അംഗത്വം സ്വീകരിച്ചത്. ജോണി നെല്ലൂര്‍ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നല്‍കിയശേഷം ജോസ് കെ മാണി പറഞ്ഞു. 1991, 1996, 2001 വര്‍ഷങ്ങളില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ജോണി നെല്ലൂര്‍.

ജോണി നെല്ലൂരിന്റെ മടങ്ങി വരവ് പാര്‍ട്ടിക്ക് കരുത്താകും. യുഡിഎഫിന്റെ ഭാഗമായിരുന്നയാള്‍ എല്‍ഡിഎഫിന്റെ ഭാഗമാകുമ്പോള്‍ അത് വലിയ സന്ദേശമാണ് നല്‍കുന്നത്. ഉചിതമായ പദവി നെല്ലൂരിന് നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.

മാസങ്ങള്‍ക്കുമുമ്പ് എന്‍.പി.പി എന്ന പാര്‍ട്ടി രൂപവത്കരിച്ച് ബിജെപിയുടെ ഘടകക്ഷിയാകാന്‍ ജോണി നെല്ലൂര്‍ സ്വീകരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട യു.ഡി.എഫ് ബന്ധം ഏപ്രിലില്‍ അവസാനിപ്പിച്ചായിരുന്നു ഇത്. ക്രൈസ്തവരുടെ വക്താക്കള്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. എന്നാല്‍, ബിജെപിയുടെ ഭാഗമാകാന്‍ ജോണിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് കേരള കോണ്‍ഗ്രസിലേക്ക് ജോണി നെല്ലൂര്‍ മടങ്ങിപ്പോയത്.