നൽകിയത് വ്യാജ വിസയും ഓഫർലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും; വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്, കോട്ടയം സ്വദേശി അറസ്റ്റിൽ

വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ഇയാൾ അതിനായി വ്യാജരേഖകൾ നൽകുകയും ചെയ്തു.

നീണ്ടൂർ സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്. മകനും സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയെടുക്കുകയും,വ്യാജമായി ജോബ് വിസയും ഓഫർ ലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ സണ്ണിയെ വയനാട് കണിയാമ്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ എത്ര പേരെ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നും എത്ര പണം തട്ടിയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.