ജിഷ്ണു കേസിലെ സി.ബി.ഐ അന്വേഷണം: തീരുമാനം പുന:പരിശോധിക്കാമെന്ന് കേന്ദ്രം

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കില്ലെന്ന സി.ബി.ഐ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു.

സി.ബി.ഐ അന്വേഷണക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ഇന്നലെ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ജിഷ്ണു കേസില്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ സി.ബി.ഐ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

കേസില്‍ കേരളാ പൊലിസ് നടത്തിവരുന്ന അന്വേഷണത്തിന്റെ ആവശ്യമേയുള്ളൂവെന്നും അതിനു പര്യാപ്തമായ സംവിധാനം അവിടെയുണ്ടെന്നുമായിരുന്നു സി.ബി.ഐ കോടതിയെ അറിയിച്ചത്. നിരവധി അഴിമതികേസുകള്‍ അന്വേഷിക്കാനുള്ളതിനാല്‍ ജോലിഭാരം കൂടുതലാണെന്നും സി.ബി.ഐ വ്യക്തമാക്കി.

അതേസമയം, ജിഷ്ണുകേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സി.ബി.ഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് സുപ്രിംകോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.