കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തത് സുഗതനെ പോലെയുള്ളവർ; പ്രവാസി മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന പുതിയകാല നേതാക്കള്‍ക്ക് ഇതോര്‍മ്മ വേണം; വിമര്‍ശനവുമായി ജയശങ്കര്‍

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തില്‍ ആദ്യകാല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച നേതാക്കളില്‍ ഒരാളുമായ ആര്‍ സുഗതനെക്കുറിച്ച് പാര്‍ട്ടി അനുസ്മരിക്കാത്തതില്‍ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സഖാവ് സുഗതനെപ്പോലെ നിരവധി പേരുടെ ത്യാഗത്തിലും സമര്‍പ്പണത്തിലും കെട്ടിപ്പടുത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും നവലിബറല്‍ നയങ്ങളില്‍ അഭിരമിക്കുന്ന, ചില പ്രവാസി മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന പുതിയകാല നേതാക്കള്‍ ഇത് വല്ലപ്പോഴുമെങ്കിലും അത് ഓര്‍മ്മിക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലേഖനത്തില്‍ പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഫെബ്രുവരി 14 പ്രണയദിനം മാത്രമല്ല, സഖാവ് ആര്‍. സുഗതന്റെ ഓര്‍മ്മദിവസം കൂടിയാണ്. ആലപ്പുഴയിലെ പ്രമുഖ തൊഴിലാളി പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് നേതാവും ത്യാഗധനനായ പൊതുപ്രവര്‍ത്തകനുമായിരുന്ന സഖാവ് സുഗതന്‍ 1970 ഫെബ്രുവരി 14 – ാം തീയതിയാണ് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞത്. ദരിദ്രനായി ജനിച്ച് നിസ്വനായി മരിച്ച ആ വലിയ മനുഷ്യന്‍ ഇപ്പോള്‍ തീര്‍ത്തും വിസ്മൃതനായിരിക്കുന്നു.
1901 ഡിസംബര്‍ 23 ന് ആലപ്പുഴയിലെ ആലിശേരിയിലാണ് അദ്ദേഹം ജനിച്ചത്. ശ്രീധരന്‍ എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. മിഡില്‍ സ്‌കൂള്‍ പരീക്ഷ പാസായശേഷം ആദ്യം കയര്‍ ഫാക്ടറി തൊഴിലാളിയായും പിന്നീട് ആലപ്പുഴയിലെ ഒരു സ്വകാര്യ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. ശ്രീനാരായണ പ്രസ്ഥാനവുമായി അടുത്തു ബന്ധം പുലര്‍ത്തിയ ശ്രീധരന്‍ സഹോദരന്‍ അയ്യപ്പന്റെ ആരാധകനും അനുയായിയുമായി മാറി. ജാതി സമ്പ്രദായത്തിനും അയിത്തത്തിനും മറ്റു സാമൂഹ്യ അനാചാരങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി പ്രസംഗിച്ചു. ലേഖനങ്ങളും കവിതകളും എഴുതി. തികഞ്ഞ യുക്തവാദിയായിരിക്കുമ്പോഴും ബുദ്ധമത ദര്‍ശനത്തോടു വലിയ പ്രതിപത്തി പ്രകടിപ്പിച്ചു. പിന്നീട് ഔപചാരികമായി ബുദ്ധമതം സ്വീകരിച്ചു. അതോടൊപ്പം പേര് സുഗതന്‍ എന്നാക്കി മാറ്റി. അക്കാലത്ത് ആലപ്പുഴ ലേബര്‍ അസോസിയേഷന്‍ നടത്തി വന്നിരുന്ന നിശാപാഠശാലയിലും പ്രവര്‍ത്തിച്ചു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച സുഗതന്‍ മുഴുവന്‍ സമയ തൊഴിലാളി പ്രവര്‍ത്തകനായി മാറി. തൊഴിലാളികള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വം സുഗതന്‍ സാര്‍ എന്നു വിളിച്ചു.

1930 ല്‍ ആലപ്പുഴ ലേബേഴ്സ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും 1936 ല്‍ ലേബര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ മുഖപത്രമായ ‘തൊഴിലാളി’യുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലതവണ മര്‍ദ്ദനവും അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സമകാലികരായ മറ്റു നേതാക്കളെപ്പോലെ സുഗതനും കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. അദ്ദേഹം മാര്‍ക്‌സിസം – ലെനിസിസത്തില്‍ അഗാധ പരിജ്ഞാനം ആര്‍ജ്ജിച്ചു. 1943 ല്‍ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് ഔപചാരികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പിന്നീട് സര്‍ സി.പിയുടെ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരത്തിനെതിരെ നടത്തിയ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. സ്വാതന്ത്ര്യാനന്തരം ആലപ്പുഴയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായി മാറി. 1952 ലും 1954 ലും തിരു – കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായ ശേഷവും സുഗതന്റെ ജീവിതശൈലിയില്‍ യാതൊരു മാറ്റവും വന്നില്ല. അദ്ദേഹം പഴയതുപോലെ കൈലിമുണ്ടും വള്ളിച്ചെരിപ്പുമായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടര്‍ന്നു. തന്റെ തുച്ഛമായ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം പാര്‍ട്ടിക്ക് സംഭാവന നല്‍കി. നിയമസഭാംഗം എന്ന നിലയ്ക്ക് കിട്ടിയിരുന്ന വേതനവും പാര്‍ട്ടി ഫണ്ടിലടച്ച് പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ ലെവി കൊണ്ടു ജീവിച്ചു. തെറി കൊണ്ടും തിയറി കൊണ്ടും ആലപ്പുഴ തൊഴിലാളികളെ പ്രബുദ്ധരാക്കി. അവരുടെ സംഘടനാബോധം വളര്‍ത്തി. അവിവാഹിതനായിരുന്നു സുഗതന്‍ സാര്‍. ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ തറവാട്.

1957 ല്‍ കാര്‍ത്തികപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ നിയമവും കാര്‍ഷിക ബന്ധ ബില്ലും വിമോചന സമരവും പ്രക്ഷുബ്ദ്ധമാക്കിയ നാളുകളിലും സുഗതന്‍ സാര്‍ ആലപ്പുഴ തൊഴിലാളികളുടെ സമരനായകനായി നിലകൊണ്ടു. നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം തുടര്‍ന്നു. വന്‍മരങ്ങള്‍ കടപുഴകിയ 1960 ലെ തിരഞ്ഞെടുപ്പിലും കാര്‍ത്തികപ്പള്ളിയില്‍ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. ഭൂരിപക്ഷം വര്‍ദ്ധിച്ചു. 1962 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയത മൂര്‍ച്ഛിച്ചു. ഏകശിലാ നിര്‍മ്മിതം എന്നു കരുതിയ പാര്‍ട്ടി 1964 ല്‍ രണ്ടായി. ഏകോദര സഹോദരങ്ങളായി കഴിഞ്ഞിരുന്ന നേതാക്കളും പ്രവര്‍ത്തകരും ഭിന്നചേരിയിലായി. പിന്നീടു വിഴുപ്പലക്കലിന്റെ കാലമായി. 1962 ലെ യുദ്ധകാലത്തും പിന്നീടും കറതീര്‍ന്ന ദേശീയവാദിയായിരുന്നു സുഗതന്‍ സാര്‍. അതുകൊണ്ടു തന്നെ അദ്ദേഹം പാര്‍ട്ടി പിളര്‍ന്നു പുറത്തു പോയവരോടൊപ്പം ചേരാന്‍ വിസമ്മതിച്ചു. മാതൃ സംഘടനയില്‍ ഉറച്ചു നിന്നു. സ്വാഭാവികമായും മറുഭാഗത്തുള്ളവര്‍ പ്രകോപിതരായി. അവര്‍ അപവാദ പ്രചരണം അഴിച്ചു വിട്ടു. അദ്ദേഹത്തെ വര്‍ഗ്ഗ വഞ്ചകനും മുതലാളിസ്‌നേഹിയുമാക്കി മുദ്രയടിച്ചു. പാര്‍ട്ടിയോടൊപ്പം വര്‍ഗ്ഗ ബഹുജന സംഘടനകളും പിളര്‍ന്നു. ആലപ്പുഴയിലെ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍, കന്നിട്ട തൊഴിലാളി യൂണിയന്‍, ബീഡി തൊഴിലാളി യൂണിയന്‍, റിക്ഷാ തൊഴിലാളി യൂണിയന്‍, മുനിസിപ്പല്‍ തൊഴിലാളി യൂണിയന്‍ ചെത്തു തൊഴിലാളി യൂണിയന്‍ എന്നിവയൊക്കെ നെടുകെ പിളര്‍ന്നു. തൊഴില്‍ സംഘടനകളുടെ പിളര്‍പ്പ് സുഗതന്‍ സാറിനെ വല്ലാതെ ബാധിച്ചു. ആ യൂണിയനുകളൊക്കെ അദ്ദേഹത്തിന്റെ ജീവന്റെ ജീവനായിരുന്നു. തൊഴിലാളി സംഘടനകളും പാര്‍ട്ടിയും മാത്രമായിരുന്നു ഈ ലോകത്ത് അദ്ദേഹത്തിന് ആകെയുണ്ടായിരുന്നത്. അവയ്ക്കു വേണ്ടി അര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
1965 ആകുമ്പോഴേക്കും കാര്‍ത്തികപ്പള്ളി നിയോജകമണ്ഡലം ഇല്ലാതായി. പകരം അമ്പലപ്പുഴ നിലവില്‍ വന്നു. അമ്പലപ്പുഴയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഗതന്‍ സാര്‍ ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ്. കൃഷ്ണക്കുറുപ്പ് വിജയിച്ചു. സി.പി.എം സ്ഥാനാര്‍ത്ഥി വി.എസ്. അച്യുതാനന്ദന്‍ രണ്ടാം സ്ഥാനത്തെത്തി. സുഗതന്‍ സാര്‍ മൂന്നാം സ്ഥാനത്തായി എന്നു മാത്രമല്ല, ജാമ്യ സംഖ്യപോലും നഷ്ടപ്പെട്ടു. അതോടെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോടു വിടപറഞ്ഞു.

പാര്‍ട്ടിയിലെ പിളര്‍പ്പും തിരഞ്ഞെടുപ്പിലെ തോല്‍വിയും മുന്‍കാല സഹപ്രവര്‍ത്തകരുടെ അപവാദ പ്രചരണവും സുഗതനെ തളര്‍ത്തി. അദ്ദേഹം മാനസികമായും ശാരീരികമായും അവശനായി. അതിനിടെ പ്രമേഹം മൂര്‍ച്ഛിച്ചു. ഒരുഘട്ടത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ സോവിയറ്റ് യൂണിയനില്‍ അയച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ഫലിച്ചില്ല. ആലപ്പുഴ ബോട്ടുജട്ടിക്കു സമീപമുള്ള കൃഷ്ണഭവന്‍ ലോഡ്ജിലെ ഒമ്പതാം നമ്പര്‍ മുറിയില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. ഒടുവില്‍ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വേണ്ടി തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചു. തന്റെ പുസ്തകങ്ങളും കടലാസുകളും അദ്ദേഹം ചില സഖാക്കള്‍ക്ക് വീതിച്ചു കൊടുത്തു. അഞ്ചു രൂപയുടെ ഒരു നാഷണല്‍ പ്‌ളാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റായിരുന്നു ഒരേയൊരു സമ്പാദ്യം. അതും ഒരു തൊഴിലാളി സഖാവിന്റെ കൊച്ചു മകള്‍ക്ക് സമ്മാനിച്ചു. അങ്ങനെ സുഗതന്‍ സാര്‍ തന്റെ എല്ലാമെല്ലാമായ ആലപ്പുഴയോടു വിട പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫീസില്‍ താമസിച്ചു ചികിത്സ തുടര്‍ന്നു. പക്ഷേ, അതും ഫലവത്തായില്ല. 1970 ഫെബ്രുവരി 13 ന് അസുഖം വളരെ അധികരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ രോഗനില വഷളായി. അദ്ദേഹം മരണത്തിനു കീഴടങ്ങി. ഫെബ്രുവരി 15 നു വലിയ ചുടുകാട്ടില്‍ സഖാവ് കൃഷ്ണപിള്ളയുടെ കുഴിമാടത്തിനരികില്‍ സുഗതനെയും മറവു ചെയ്തു. ആലപ്പുഴ തൊഴിലാളികളുടെ പോരാട്ട ചരിത്രത്തില്‍ ഒരു അദ്ധ്യായം അങ്ങനെ അവസാനിച്ചു.
സഖാവ് സുഗതനെപ്പോലെ നിരവധി പേരുടെ ത്യാഗത്തിലും സമര്‍പ്പണത്തിലും കെട്ടിപ്പടുത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. നവലിബറല്‍ നയങ്ങളില്‍ അഭിരമിക്കുന്ന, ചില പ്രവാസി മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന പുതിയകാല നേതാക്കള്‍ വല്ലപ്പോഴുമെങ്കിലും അത് ഓര്‍മ്മിക്കുന്നതു നന്നായിരിക്കും.