സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ചുദിവസത്തേക്ക് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാൽ തീരദേശ മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം കടലിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ അടുത്ത വെള്ളിയാഴ്ച വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.