ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണ്. എന്തു വേണമെന്ന് എല്ലാവരും ആലോചിക്കണം. എല്ലാ പാർട്ടികളും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കേരളത്തിൽ ജനങ്ങൾ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തു. പരാജയപ്പെടും മുമ്പ് മേയർ കോഴിക്കോടേയ്ക്ക് തിരിച്ചത് നന്നായി. ബിജെപിയുമായി എൽഡിഎഫ് കൈ കോർക്കുന്നു. മുൻ മന്ത്രിക്കെതിരെ ബിജെപി ഡീൽ ആരോപണം വരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ് ഒഴിവാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.







