കലൂർ സ്റ്റേഡിയം നവീകരണം വിവാദത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ എംപി. പ്രോട്ടോക്കോൾ പാലിക്കാതെയാണ് കൊച്ചിയിൽ മെസിയെ എത്തിക്കാൻ ശ്രമിച്ചതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ജിസിഡിഎയോട് ഹൈബി ഈഡൻ ചോദ്യങ്ങളുമുന്നയിച്ചു. ISL മത്സരങ്ങൾക്ക് സ്റ്റേഡിയം സജ്ജമോ എന്നാണ് ഹൈബി ഈഡൻ ചോദിച്ചത്. അതേസമയം അർജൻ്റീനൻ ഫുട്ബോൾ ടീമിനെ കൊച്ചിയിലെത്തിക്കുന്നുവെന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഹൈബി ഈഡൻ ആരോപിച്ചു.
കൊച്ചി സ്റ്റേഡിയത്തിൻ്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന് ഹൈബി പറഞ്ഞു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്ത് വിടണമെന്ന് ഹൈബി വെല്ലുവിളിച്ചു. കൊച്ചി സ്റ്റേഡിയത്തിൻ്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് ഇവിടെ നിന്ന് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സ് പോലും കൊച്ചിവിട്ടു പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നു.
ഹോംഗ്രൗണ്ട് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരുന്ന വാടകയായിരുന്നു ജിഡിസിഐയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോൾ സ്റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. നിർമാണ പ്രവൃത്തികൾ നടത്തി വരുന്ന കമ്പനികൾക്കുള്ള യോഗ്യതയും ഹൈബി ചോദ്യം ചെയ്തു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങൾ സാധാരണ മുറിച്ചുമാറ്റുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന ബന്ധപ്പെട്ടവർ വ്യക്തമാക്കണംമെന്നും ഹൈബി ഈഡൻ പറഞ്ഞു.







