ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല; ജി. സുധാകരന്‍

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞെന്ന വാര്‍ത്ത തള്ളി ജി സുധാകരന്‍. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കേണ്ട കാര്യമില്ല. താന്‍ മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കി. 60 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് നിയമനം. ആ ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനത്തിനിടെയായിരുന്നു ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് ജി സുധാകരന്‍ പരാമര്‍ശിച്ചത്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ച് മുന്നോട്ട് പോകണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇവര്‍ കേരളത്തില്‍ കൂടിവരികയാണെന്നും സുധാകരന്‍ പറഞ്ഞു.