ശശി തരൂര്‍ ബിജെപിയില്‍ എപ്പോള്‍ പോകുമെന്നു പറയാനാകില്ല; കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുന്നു; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസും തമ്മില്‍ മൗലികവ്യത്യാസങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കള്‍ എപ്പോള്‍ ബിജെപിയില്‍ പോകുമെന്നു പറയാന്‍ കഴിയില്ല. ഏറ്റവും വലിയ വര്‍ഗീയശക്തികളുടെ പരിപാടിയില്‍ പങ്കെടുത്തയാളാണ് പ്രതിപക്ഷനേതാവ്.

കെപിസിസി പ്രസിഡന്റ് നേരത്തേ നിലപാട് വ്യക്തമാക്കി. ശശി തരൂര്‍ എപ്പോള്‍ പോകുമെന്നു പറയാനാകില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണ്. ലീഗില്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. തെലങ്കാനയും കര്‍ണാടകവും ഒഴിച്ച്, മറ്റൊരു സംസ്ഥാനത്തും ഇപ്പോള്‍ കോണ്‍ഗ്രസ് പ്രബലമല്ല.

കോണ്‍ഗ്രസ് പാര്‍ടിയുടെ ജാഥാസമാപനത്തില്‍ സിപിഎം പങ്കെടുക്കേണ്ടതില്ല. വേദിയില്‍ ഒരു കൗതുകത്തിന് ഇരിക്കേണ്ട കാര്യമില്ല. ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി അവിടെനിന്ന് നേരെ മത്സരിക്കാനെത്തുന്നത് വയനാട്ടിലേക്കാണ്. ഇഎംഎസിന്റെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ് നവകേരളം. മതനിരപേക്ഷ ഉള്ളടക്കവും ആഭിമുഖ്യവും കേരളത്തില്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. പതിനായിരക്കണക്കിന് മനുഷ്യരുടെ ത്യാഗമാണ് അതിനുപിന്നിലുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.