അടിച്ചാല്‍ തിരിച്ചടിക്കും; ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല: കെ. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം.പി. ഇനി ഗാന്ധിസം പറഞ്ഞ് നിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയില്ലെന്നും അടിച്ചാവല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്തിലെ പ്രതിഷേധത്തില്‍ ആദ്യം കേസെടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച പ്രവര്‍ത്തരെ വിമാനത്തിനകത്ത് ഇപി ജയരാജന്‍ ചവിട്ടി. ഇതിന് അദ്ദേഹത്തിന് എതിരെ കേസെടുക്കണം. എന്നാല്‍ കേരളഴ പൊലീസ് കേസെടുക്കുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സി.പി.എമ്മുകാര്‍ ആര്‍ എസ് എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിച്ചത് ജനവികാരം. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയാണ് ചെയ്തത്. അവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ തെരുവുകള്‍ ചോരക്കളമാക്കാനാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. തങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ്. നാട്ടില്‍ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല. ഭരിക്കുന്നവരാണ് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.