ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അജണ്ടകള്‍ തുറന്നുകാട്ടണം; ആഞ്ഞടിച്ച് കെസിബിസി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഇസ്ലാമിക് സ്‌റേറ്റ് നടന്ന ചാവേര്‍ ആക്രമണമെന്ന് കെസിബിസി. മുപ്പതുപേര്‍ മരിക്കുകയും, സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പശ്ചിമേഷ്യയിലും, നൈജീരിയ, സുഡാന്‍, ബുര്‍കിന ഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ കെസിബിസി ശക്തമായി അപലപിക്കുന്നു. മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു.

2019 ല്‍ ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബ് സ്ഫോടനത്തിന്റെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്‌കസിലെ ക്രൈസ്തവ ദേവാലയത്തിലും ചാവേര്‍ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുപത്തില്‍പ്പരം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

ക്രൈസ്തവര്‍ക്കെതിരെ കിരാതമായ അക്രമങ്ങള്‍ അഴിച്ചുവിടുകയും കൂട്ടക്കുരുതികള്‍ നടത്തുകയും ചെയ്യുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും സ്വാധീനവും വിവിധ ലോകരാജ്യങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, ബുര്‍ക്കിന ഫാസോ, സുഡാന്‍ തുടങ്ങിയവയിലും പശ്ചിമേഷ്യയിലും നൂറുകണക്കിന് പേര്‍ കൂട്ടക്കൊലകള്‍ക്കിരയായിക്കൊണ്ടിരിക്കുന്നു.

Read more

ഈ രാജ്യങ്ങളില്‍ അവശേഷിക്കുന്ന ക്രൈസ്തവരെയും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാത്തവരെയും നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യമാണ് ഭീകര പ്രസ്ഥാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ചാവേറുകളായും ആയുധമേന്തിയും ഇരുട്ടിന്റെ മറവില്‍ വന്നു രക്തപ്പുഴയൊഴുക്കുന്ന, ലോകസമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്ന ഭീകര പ്രസ്ഥാനങ്ങളെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. രാഷ്ട്രീയ സ്വാധീനമോ ആള്‍ബലമോ ഇല്ലാത്ത നിരപരാധികളാണ് ഇത്തരത്തില്‍ കൊന്നൊടുക്കപ്പെടുന്നത്. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ഭൂരിപക്ഷം ക്രൈസ്തവര്‍ ജീവിച്ചിരുന്ന സിറിയയില്‍ ഇന്ന് അവശേഷിക്കുന്ന ചെറിയ ശതമാനം ക്രൈസ്തവര്‍ വലിയ ഭീഷണിയിലാണ് ജീവിക്കുന്നത്. സിറിയയിലും മറ്റു പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ജീവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്ക് നേരെ ലോക രാജ്യങ്ങള്‍ കണ്ണുതുറക്കണം.