മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യം; എന്തും പറയാനുള്ള ലൈസന്‍സാണോ ചിന്തന്‍ ശിബിരം നല്‍കിയത്: ഇ.പി ജയരാജന്‍

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃക്കാക്കരയിലെ പരാജയഭീതിയെ തുടര്‍ന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കി ജയിക്കാമെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്? മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്. ആരെയും എന്തും പറയാനുള്ള ലൈസന്‍സാണോ ചിന്തന്‍ ശിബിരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ ‘നീചന്‍’ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. ഇതില്‍ എഐസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വിറച്ചുപോയി. പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ പിന്തുണ തേടിയിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അവരുടെ നിലനില്‍പ്പില്‍ വിശ്വാസമില്ല. നിലനില്‍പിന് വേണ്ടി കോണ്‍ഗ്രസ് ബിജെപിയുടെ പിന്നാലെയാണ്.തൃപ്പൂണിത്തുറയിലും മുഴപ്പിലങ്ങാടും കോണ്‍ഗ്രസ് ബിജെപിയുടെ വോട്ട് വാങ്ങിയെന്നും ഇ പി.ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.