'തിരച്ചില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കണം'; കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പിണറായി വിജയന്‍

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും സഹായത്തോടെ തിരച്ചില്‍ തുടരണമെന്നും പിണറായി വിജയന്‍ അയച്ച കത്തില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതാണ് കത്ത്. രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. അതേസമയം പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. പാന്‍ടൂണ്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

Read more

നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.