ഇന്ത്യ ഭരിക്കുന്നത് എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ അതില്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രി: കോടിയേരി

എണ്ണകമ്പനിക്കാര്‍ വില തീരുമാനിക്കുമ്പോള്‍ അതില്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയും കോര്‍പറേറ്റുകളും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി കണ്ണൂരില്‍ നടത്തുന്ന പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും വാജ്‌പേയും നരേന്ദ്രമോദിയും ചേര്‍ന്നാണ് ഇന്ധനവില ഇത്രയുധികമാക്കിയത്.

പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം ബി.ജെ.പി എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ ഈ ഇന്ധന വില വര്‍ധനവിന് അറുതി ഉണ്ടാകൂ,’ കോടിയേരി പറഞ്ഞു.

 

പ്രതിദിനം 10 കോടി രൂപയാണ് ബി.ജെ.പി അക്കൗണ്ടില്‍ എത്തുന്നത്. പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നത്.
ബി.ജെ.പിയുമായി ഒത്തുചേര്‍ന്ന് കോര്‍പറേറ്റുകളെ സഹായിക്കുകയാണ് കോണ്‍ഗ്രസെന്നും കോടിയേരി കുറ്റപ്പെടുത്തി.