ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു, രാജ്യം നേരിടുന്ന വെല്ലുവിളി കോൺഗ്രസിന് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സമയമാണിത്; രാഹുൽ ഗാന്ധിയെ അനുകൂലിച്ച് എം. സ്വരാജ്

രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോക്‌സഭാസെക്രട്ടറിയേറ്റാണ് പുറത്താക്കിയത് സംബന്ധിച്ചുളള വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചത്. മോദി സമുദായത്തിനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ പല കോണിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോൾ സി.പി.എം. നേതാവ് എം. സ്വരാജ് ശക്ക്തമായ ഭാക്ഷയിൽ രാഹുലിനെതിരായ നടപടികളെ വിമർശിച്ചു, അദ്ദേഹം പറയുന്നത് ഇങ്ങനെ: “ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമർശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.

കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിത്.”

അതേസമയം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു .