പ്രണയപ്പക അടങ്ങുന്നില്ല; വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

സംസ്ഥാനത്ത് പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ക്ക് അറുതിയില്ല. പ്രണയ നൈരാശ്യം മൂലം വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

വയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയാണ് കത്തി കൊണ്ടുള്ള ആക്രമണത്തിന് ഇരയായത്. ലക്കിടി കോളേജിന് സമീപം സുഹൃത്തിന്റെ ബൈക്കിലെത്തി ദീപു പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സമാനസംഭവമുണ്ടായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചായിരുന്നു യുവതി പക തീര്‍ത്തത്.