നടുറോഡില്‍ പൊലീസിന്റെ വടം വലിയും കസേര കളിയും; തൃശൂരിലെ ഓണാഘോഷം വിവാദമാകുന്നു

തൃശൂരില്‍ നടുറോഡില്‍ ഓണാഘോഷം സംഘടിപ്പിച്ച് വിവാദത്തിലായിരിക്കുകയാണ് പൊലീസ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വടം വലിയുള്‍പ്പെടെയുള്ള ഓണാഘോഷ പരിപാടികള്‍ നടുറോഡില്‍ സംഘടിപ്പിച്ചത്.

ഇവരുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമം ലംഘിച്ച് റോഡില്‍ ഓണാഘോഷം നടത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പൊലീസിന്റെ ഓണാഘോഷ പരിപാടികള്‍. സ്റ്റേഷന് മുന്‍പിലുള്ള പൊതുമരാമത്ത് റോഡിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഗുരുവായൂര്‍- പൊന്നാനി സംസ്ഥാന പാതയക്ക് സമാന്തരമായ പാതയാണിത്.

ഈ റോഡില്‍ വടം വലി, കസേര കളി തുടങ്ങിയ മത്സരങ്ങള്‍ ആയിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.