വീഴ്ചയില്‍ തല കല്ലിലിടിച്ചു, വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു, ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിഗമനം. മരണകാരണം ഉയരത്തില്‍ നിന്ന് വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ്. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തില്‍ മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചുകയറിയതും മരണകാരണമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നല്ലളം പൊലീസ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് പോയ ശേഷമാണ് ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഏപ്രില്‍ 26ന് രാത്രിയാണ് ജിഷ്ണുവിനെ റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഒമ്പതരയോടെ റോഡരികില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പത് മണിയോടെ ജിഷ്ണുവിനെ തേടി നല്ലളം പൊലീസ് വീട്ടിലെത്തിയിരുന്നു. മഫ്തിയിലാണ് പൊലീസ് എത്തിയത്.

കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് ചെന്നത്. കല്‍പറ്റയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിതാണ് പൊലീസ്. വീട്ടില്‍ ഇല്ലാതിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.