പാലായിൽ ബി.ജെ.പി വോട്ടുകച്ചവടം നടത്തി തോറ്റിട്ട് ഉത്തരവാദിത്വം ബി.ഡി.ജെ.എസിന്‍റെ തലയില്‍ കെട്ടിവെക്കുന്നു: രൂക്ഷ വിമർശനവുമായി തുഷാർ

പാലാ ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബി.ഡി.ജെ.എസിന്‍റെ തലയില്‍ ബി.ജെ.പി കെട്ടിവെക്കുകയാണെന്നാണ് തുഷാറിന്‍റെ വിമര്‍ശനം. പാലായിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെയും തുഷാര്‍ വിമര്‍ശിച്ചു. പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും ബന്ധപെട്ടില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ചില ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ല. എസ്.എൻ.ഡി.പിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു . ഇതിന്‍റെ ഉത്തരവാദിത്വം എസ്.എൻ.ഡി.പിക്കോ ബി.ഡി.ജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.