ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു, വര്‍ക്ക്‌ഷോപ്പിന്റെ മേല്‍ക്കൂര പറന്ന് പോയി

കോട്ടയം ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കടവ് കുരിശുമല ഭാഗത്താണ് മിനിറ്റുകളോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത്. നാവികസേനയുടെ ഹെലികോപ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ നിര്‍ദ്ദേശിച്ചട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു 10.45-നായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതോടെ കട്ടിപ്പറമ്പില്‍ എംടി കുഞ്ഞുമോന്റെ വീടിനോട് ചേര്‍ന്നുള്ള പെയിന്റിംഗ് വര്‍ക്ക് ഷോപ്പിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ക്യാന്‍സര്‍ രോഗിയായ ആളുടെ വരുമാനമാര്‍ഗമായിരുന്നു വര്‍ക്ക്‌ഷോപ്പ്. കടയുടെ ടാര്‍പോളിന്‍ മേല്‍ക്കൂര പറന്നു പോയി. കൂടാതെ ഇത് കീറി നശിക്കുകയും ചെയ്തു. വലിയ ഒച്ച കേട്ട് നോക്കിപ്പോഴാണ് തൊട്ടുമുകളിലായി ഹെലികോപ്റ്റര്‍ കണ്ടത്. കടയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രോഗിയായ കുഞ്ഞുമോന് ഓടാന്‍ സാധിച്ചില്ല.

വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്. അഞ്ച് മിനിറ്റോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. സ്ഥലത്ത് മുഴുവന്‍ പൊടിപടലങ്ങള്‍ ഉണ്ടാവുകയും, നിരവധി സാധനങ്ങള്‍ പറന്ന് പോവുകയും ചെയ്തു. 25,000- ത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പറയുന്നത്.

സിഎ ചാര്‍ലി എന്ന നാവികസേനയുടെ ഹെലികോപ്റ്ററാണെന്നാണ് നാവികസേന ജില്ലാ ഭരണകൂടത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഇത്രയും താഴ്ന്ന് പറന്നതിന്റെ കാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വീട്ടുകാരോട് പരാതി നല്‍കാനും ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.