കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ്.എഫ്.ഐയുടെ ആൾമാറാട്ടം; ഡി.ജി.പിക്ക് പരാതി നൽകി; റിപ്പോർട്ട് തേടി കേരള സർവകലാശാല

കാട്ടാക്കട ക്രിസ്ത്യൻ  കോളേജ യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്ക് പകരം സംഘടനാനേതാവായ ആൺകുട്ടിയെ നാമനിർദേശം ചെയ്തത് വിവാദമാകുന്നു. സംഭവത്തിൽ കേരള സർവകലാശാല പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടും. വിഷയത്തിൽ  കെഎസ് യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാവിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആൾമാറാട്ടമെന്നാണ് ആരോപണം ഉയരുന്നത്. ഡിസംബർ 12 നാണ് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക്  എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്.

എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളജിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘക്ക് പകരം ബിഎസ് സി വിദ്യാർത്ഥി  എ വിശാഖിന്റെ  പേരാണ് ഉണ്ടായിരുന്നത്.കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല.

മത്സരിക്കാത്ത വിശാഖിനെ  യുയുസി ആക്കിയെന്ന പരായിതിൽ സർവകലാശാലക്ക് ലഭിച്ചത് നിരവധി പരാതികളാണ്. അതേ സമയം അനഘ രാജിവെച്ചു എന്നതടക്കമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. രാജിവച്ചതാണ് സാഹചര്യമെങ്കിൽ ഇനിയും തിരഞ്ഞെടുപ്പ് നടത്തണം. ഇതിനായി സർവകലാശായുടെ അനുമതി തേടേണ്ടതുണ്ട്.