നിയമവിരുദ്ധ ലൈറ്റ്, മ്യൂസിക് സിസ്റ്റം; റാന്നിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി

അടൂരില്‍ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്‌ക്വാഡ് പിടിച്ചു. റാന്നിയില്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നിയമ വിരുദ്ധമായ ലൈറ്റുകളും മ്യൂസിക് സംവിധാനവും ബസിലുണ്ട്.

സ്‌കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ അധ്യാപകരോട് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി നാളെ ഉച്ചയ്ക്ക് മുമ്പ് ബസ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തു. ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണിത്.

കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിള്‍ അയച്ചിരിക്കുന്നത്.ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാന്‍ ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കി. ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങളില്‍ സ്‌കൂള്‍, കോളേജ് ടൂറുകള്‍ അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.