പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍; ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിർദ്ദേശം

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാനാണ് നിർദ്ദേശം. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കൊടിമരങ്ങള്‍ നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്തുകൊണ്ട് നിയമപരമായ നടപടിയെടുക്കുന്നില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇതിനായി മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Read more

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ മൂന്നു മാസത്തെ സമയം തേടിയെങ്കിലും ഇത്രയും സമയം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ ജില്ല കളക്ടര്‍മാര്‍ നടപടി എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി നിർദ്ദേശം നൽകിയത്.