ഇലന്തൂര്‍ നരബലി; അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് പൊലീസ്

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയില്‍ നിന്നുള്ള നാലംഗ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഭഗവല്‍സിംഗിന്റെ വീട്ടിലെ മഹസര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം നരബലി കേസിലെ മിസിങ് കേസുകള്‍ രണ്ടായി അന്വഷിക്കാനാണ് തീരുമാനം. കടവന്ത്രയിലും കാലടിയിലുമായിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അതിന്റെ പുരോഗതി പരിശോധിച്ചാകും രണ്ടാമത്തെ കേസിന്റെ വിശദ അന്വേഷണത്തിലേക്ക് കടക്കുക.

മണിക്കൂറുകള്‍ നീണ്ട അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിന് രൂപം നല്‍കിയത്. കേസിലെ മുഖ്യ സൂത്രധാരന്‍ ഷാഫി കൂടുതല്‍ സ്ത്രീകളെ ഇലന്തൂരില്‍ കൊണ്ടുവന്നോ എന്നത് പരിശോധിക്കാനും സംഘം തീരുമാനിച്ചു.

ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം കാലടി കേസിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.