അനാവശ്യമായി ഹോൺ അടിച്ചാല്‍ ഇനി പണികിട്ടും

ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. അനാവശ്യമായി ഹോണടിച്ച് അലോസരമുണ്ടാക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരുമെന്ന് പൊലീസ് വിമര്‍ശിച്ചു.

അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍ ഉപയോഗിക്കേണ്ടത് എന്നാല്‍ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാന്‍ ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നുണ്ട്. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു.

ഇത് ഒരു ശല്യത്തേക്കാള്‍ ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ്. സാവധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. ദീര്‍ഘ നേരം അമിത ഹോണ്‍ ചെവിയില്‍ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും.

മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ അല്ലെങ്കില്‍ വാഹനം ഓടിക്കുന്ന നമ്മള്‍ക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ മാത്രം ഹോണ്‍ മുഴക്കുക എന്നും കേരലാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194F പ്രകാരം താഴെ പറയും പ്രകാരം ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
1. അനാവശ്യമായും / തുടര്‍ച്ചയായും / ആവശ്യത്തിലധികമായും ഹോണ്‍ മുഴക്കുന്നത്.2. നോ ഹോണ്‍ (No Horn) എന്ന സൈന്‍ ബോര്‍ഡ് വെച്ച ഇടങ്ങളില്‍ ഹോണ്‍ മുഴക്കുന്നത്.ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കണമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നു.