രാജ്യത്തെ അതിസമ്പന്നരെ ഒഴിവാക്കിയാൽ ആഫ്രിക്കന്‍ രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രമുഖ ഡാറ്റാ അനലിസ്റ്റും Franklin Templetonല്‍ Client Reporting Analystഉം ആയ ഹാര്‍ദിക് ജോഷി. വേള്‍ഡ് ഇനീക്വാലിറ്റി ഇന്‍ഡെക്‌സിനെ അടിസ്ഥാനപ്പെടുത്തി ലിങ്ക്ഡ് ഇൻ എഴുതിയ കുറിപ്പിലാണ് ജോഷി ഇക്കാര്യം വിശദമാക്കുന്നത്.
രാജ്യത്തെ 1 ശതമാനം വരുന്ന അതിസമ്പന്നരെ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു നോക്കൂ…. ആഫ്രിക്കന്‍ രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മാറും”. എന്നാണ് ഹാര്‍ദിക് ജോഷി കുറിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന് അഭിമാനിക്കുന്ന ഇന്ത്യ ആഗോള വിശപ്പ് സൂചികയിലെ 127 രാജ്യങ്ങളില്‍ 105ാം സ്ഥാനത്താണെന്നും ജോഷി കുറിച്ചു. ഇന്ത്യയിലെ പകുതിയിലധികം വരുന്ന ജനങ്ങള്‍ക്ക് മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിനര്‍ത്ഥമെന്നും ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് നേരെ പിടിച്ച കണ്ണാടിയാണെന്നും ജോഷി പറയുന്നു.
ആഭ്യന്തര മൊത്തവരുമാനം വളരെ കുറഞ്ഞ ഇതര ആഫ്രിക്കന്‍ രാജ്യങ്ങള്‍ വേള്‍ഡ് ഹംഗര്‍ ഇന്‍ഡെക്‌സില്‍ ഇന്ത്യയെക്കാളും മുന്നിലാണെന്ന യാഥാര്‍ത്ഥ്യം കൂടി കാണേണ്ടതുണ്ടെന്നും ജോഷി ചൂണ്ടി കാട്ടുന്നു. അതായത് ഉദാഹരണങ്ങൾ നോക്കുകയാണെങ്കിൽ നൈജീരിയ – റാങ്ക് 100, കെനിയ – റാങ്ക് 89, ഘാന – റാങ്ക് 78 എന്നിങ്ങനെ പോകുന്നു കണക്കുകൾ. അങ്ങനെയാണെകിൽ ജിഡിപി വളര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും തമ്മിലുള്ള വിച്ഛേദനം എവിടെയാണ് സംഭവിച്ചിരിക്കുന്നതെന്നും ജോഷി ചോദിക്കുന്നു.
ഇന്ത്യയിലെ 1% വരുന്ന ആളുകള്‍ രാജ്യത്തിന്റെ സമ്പത്തിന്റെ 40% ത്തിലധികം സ്വന്തമാക്കുന്നു. അതേസമയം 700 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വക്കിലാണ് ജീവിക്കുന്നത്. സമ്പത്ത് സൃഷ്ടിക്കുന്നതില്‍ നമ്മള്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. പക്ഷേ അവയുടെ വിതരണത്തില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നുണ്ട് എന്ന് ജോഷി ചൂണ്ടിക്കാട്ടുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശന്നു ഉറങ്ങുമ്പോള്‍ ഒരു രാജ്യത്തിന് ആഗോള ശക്തി പദവി അവകാശപ്പെടാന്‍ കഴിയില്ല. ഒഴിഞ്ഞ പാത്രങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ജിഡിപി വളര്‍ച്ച ചൂണ്ടിക്കാട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും ജോഷി കുറിച്ചു.