നിലപാട് മാറ്റിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് അകത്തും കല്ലിടും; ജനങ്ങളെ തീവ്രവാദികളാക്കേണ്ടെന്ന് ഷാഫി പറമ്പില്‍

സര്‍ക്കാര്‍ കെറെയില്‍ കുറ്റിയിടലില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കെ റെയില്‍ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലായിരുന്നു ഷാഫിയുടെ പ്രഖ്യാപനം. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാന്തക കല്ല് സ്ഥാപിച്ചായിരുന്നു സമരം. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് അകത്തും കല്ലിടുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഇപ്പോള്‍ പൊലീസും സര്‍ക്കാരും എന്താണോ ചെയ്തത് അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്പില്‍ ഏകപക്ഷീയമായി കുറ്റി വയ്ക്കാന്‍ ചെല്ലുമ്പോള്‍ ആ ജനങ്ങള്‍ പ്രതിരോധിക്കുന്നു, അത് തന്നെയാണ് പൊലീസും സര്‍ക്കാരും ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലും ചെയ്തതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ജനങ്ങളെ തീവ്രവാദികളാക്കണ്ട, വരും ദിവസങ്ങളില്‍ ഈ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങള്‍ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ചെറുതിരിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ഷാഫി പറഞ്ഞു. കെ എസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളും സമരത്തില്‍ പങ്കെടുത്തു. അതിനിടെ കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.