കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലത്; അന്‍വറിന് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

പി.വി അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. നിയമസഭയില്‍ ഹാജരാകാത്ത എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് അന്‍വറിന് നല്ലതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഭയില്‍ പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളായി അന്‍വര്‍ സ്ഥലത്തില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലത്. ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എംഎല്‍എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ചു ദിവസം മാത്രമാണ് അന്‍വര്‍ സഭയിലെത്തിയത്. എല്‍ഡിഎഫും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് മാറിനില്‍ക്കുന്നതെങ്കില്‍ മനസ്സിലാക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭ 29 ദിവസങ്ങള്‍ ചേര്‍ന്നപ്പോള്‍ പി.വി അന്‍വര്‍ എം.എല്‍.എ അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു. ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവും ഉള്‍പ്പെടെ 29 ദിവസമാണ് ചേര്‍ന്നതെന്നും ഇതില്‍ ആദ്യ സമ്മേളനത്തിന്റെ അഞ്ച് ദിവസം മാത്രമാണ് എം.എല്‍.എ സഭയില്‍ ഹാജരായതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

പതിനഞ്ചാം നിയമസഭയുടെ കാലയളവില്‍ പി.വി അന്‍വര്‍ എം.എല്‍.എ സഭയില്‍ ഹാജരാകാതിരിക്കുവാന്‍ അവധി അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു. പി.വി അന്‍വറിന്റെ അവധിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ നല്‍കിയ വിവരവകാശ ചോദ്യത്തിലാണ് നിയമസഭ സെക്രട്ടേറിയറ്റ് മറുപടി നല്‍കിയത്.

Read more

പി.വി അന്‍വര്‍ എം.എല്‍.എ പതിനഞ്ചാം കേരള നിയമസഭുയുടെ ഗവണ്‍മെന്റ് നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എന്നീ നിയമസഭാ സമിതികളില്‍ അംഗമാണ്.
പതിനഞ്ചാം കേരള നിയമസഭയുടെ ഗവണ്‍മെന്റ് നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി രണ്ട് യോഗങ്ങളും ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി മൂന്ന് യോഗങ്ങളും ഭഷ്യ സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗങ്ങളും ചേര്‍ന്നപ്പോള്‍ ഇതില്‍ നിയമസഭാ സമിതികളുടെ ഒരു യോഗത്തിലും അന്‍വര്‍ പങ്കെടുത്തിട്ടില്ല.