ബി.ജെ.പിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും: കെ.സുധാകരന്‍

ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്ന് കെപിസിസി അദ്ധ്യഷന്‍ കെ. സുധാകരന്‍. തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടെന്നും തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട് തന്റെ മുന്‍ പ്രസ്താവനകളില്‍ സുധാകരന്‍ ഉറച്ചുനിന്നു. താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. യൂണിവേഴ്‌സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

 ബില്ല് നിയമസഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍ വിളിക്കും. പല സംസ്ഥാനങ്ങളില്‍ പല തീരുമാനമുണ്ടാവും. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ വേറെ നിലപാടെടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു.