ഇടുക്കി ജില്ലയിലെ നിര്‍മ്മാണങ്ങള്‍ക്കെല്ലാം ഇനി എന്‍.ഒ.സി നിര്‍ബന്ധം; ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത് വരെയുളള കരുതല്‍നടപടി മാത്രമെന്ന് റവന്യു വകുപ്പ്

സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ പുതിയൊരു നിയന്ത്രണം കൂടി. ജില്ലയിലെ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം നിര്‍ബന്ധമാക്കി. ഭൂപതിവ് ചട്ടം പ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിച്ചു കൊണ്ടു പുറത്തിറക്കിയ ഉത്തരവിലാണ് ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന നിര്‍ണായക വ്യവസ്ഥയുളളത്.

ഉത്തരവിലെ ഈ വ്യവസ്ഥയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് തദ്ദേശഭരണ വകുപ്പ് രംഗത്തെത്തി. കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കായി തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുന്ന ജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാക്കുന്നതാണ് പുതിയ വ്യവസ്ഥയെന്നാണ് തദ്ദേശവകുപ്പിന്റെ നിലപാട്.

ഉത്തരവിലെ വ്യവസ്ഥ നിയമപരമായി നില നില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച് തദ്ദേശ ഭരണവകുപ്പ് റവന്യു മന്ത്രിയ്ക്ക് കുറിപ്പ് നല്‍കി. എന്നാല്‍ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനം സാധൂകരിച്ചു കൊണ്ടുളള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ചട്ടഭേദഗതി കൊണ്ടു വരേണ്ടതുണ്ടെന്നും അതുവരെയുളള കരുതലാണ് പുതിയ വ്യവസ്ഥയെന്നുമാണ് റവന്യു വകുപ്പിന്റെ നിലപാട്. വിഷയം സി.പി.എം ഏറ്റെടുക്കാന്‍ സാദ്ധ്യത
യുളളതിനാല്‍ വിഷയം സിപിഐയുമായുളള തര്‍ക്കമായി വളരാനും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് 1964-ലെ ഭൂപതിവ് നിയമപ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിച്ച് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഗാര്‍ഹിക-കൃഷി ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ നടത്തിയ നിര്‍മ്മാണങ്ങള്‍ക്ക് സാധുത നല്‍കാനായിരുന്നു തീരുമാനം. 15 സെന്റ് ഭൂമിയും 1500 ചതുരശ്രയടി വിസ്തീര്‍ണമുളള നിര്‍മ്മാണങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഇളവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഭൂപതിവ് നിയമത്തിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം.

ഇത് കാലതാമസമെടുക്കുന്ന നടപടിയായത് കൊണ്ടാണ് സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ ഉളള ഇടുക്കി ജില്ലയിലെ നിര്‍മ്മാണങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. ദേവികുളം സബ്കളക്ടറുടെ അധികാരപരിധിയില്‍ വരുന്ന മൂന്നാര്‍ മേഖലയിലെ 8 വില്ലേജുകളിലെ നിര്‍മ്മാണത്തിന് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം ഇപ്പോള്‍ തന്നെ നിര്‍ബന്ധമാണ്. പുതിയ ഉത്തരവിലെ വ്യവസ്ഥ പ്രകാരം അത് ജില്ലയാകെ ബാധകമായിരിക്കുകയാണ്. ഇതാണ് തദ്ദേശ വകുപ്പിന്റെ എതിര്‍പ്പിന് കാരണം.

ചട്ടഭേദഗതി കൊണ്ടുവരുമ്പോള്‍ ഭൂപതിവ് പ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്കും കൈമാറ്റത്തിനും എല്ലാം വില്ലേജ് ഓഫീസറുടെ അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്താനും റവന്യുവകുപ്പ് ആലോചിക്കുന്നുണ്ട്. ചട്ടഭേദഗതി വഴിയുളള വ്യവസ്ഥ ആയതിനാല്‍ ഇതിന്റെ വ്യാപ്തി ഇടുക്കി ജില്ലയില്‍ മാത്രമല്ല സംസ്ഥാനം മൊത്തമാണ്. ഭൂപതിവ് നിയമപ്രകാരം ലഭിച്ച ഭൂമിയുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം.