എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വെച്ചത്, എന്ത് ചെയ്യാനാ...സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം; അഭിരാമിയുടെ പിതാവിന്റെ പ്രതികരണം

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വ അജികുമാര്‍ പ്രതികരിച്ചു.

ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. ‘ജീവിക്കാനാ എല്ലാവരും മക്കള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ… എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ…സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം. സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ.’- അജികുമാര്‍ പറയുന്നു.

ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ അഭിരാമി ഇന്നലെ വൈകിട്ട് നാലരയോടെ കിടപ്പുമുറിയിലെ ഫാനില്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് തൂങ്ങുകയായിരുന്നു. സംഭവസമയം വൃദ്ധയായ അമ്മൂമ്മ ശാന്തമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ അഭിരാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പതാരത്തെ കേരള ബാങ്ക് ശാഖയില്‍ നിന്ന് ഭവന നിര്‍മ്മാണത്തിനായി അജി 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജരും പൊലീസും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ച് മടങ്ങി.അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിനെപ്പറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിലാണ് മകളുടെ മരണവിവരം അറിയുന്നത്. ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.