എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വി ശിവൻകുട്ടി എന്തുകൊണ്ടാണ് പ്രകോപിതനായതെന്ന് അറിയില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം എസ്‌എസ്‌കെയും, പിഎം ശ്രീയും ഒന്നല്ലെന്നും കൂട്ടിച്ചേർത്തു. ആര് പ്രകോപിതനായാലും താൻ പ്രകോപിതനാകാൻ ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണെന്നും ബിനോയ് വിശ്വംചോദിച്ചു. താൻ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. വി ശിവൻ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
എസ്എസ്കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്രം അനുവദിച്ച എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ എന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായ മറുപടി അത് സിപിഐയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്.
സിപിഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിലാണ് പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻപ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ കത്തയക്കാൻ വൈകുകയായിരുന്നു. ഇതിലും സിപിഐ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് കേരളം കത്തയക്കുന്നത്.
അതേസമയം ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്ന് കുറ്റപ്പെടുത്തി മന്ത്രി ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ല എന്നും കൂട്ടിച്ചേർത്തു. ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.







