പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതികരിച്ച് രാഹുലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ. യുവതിയുടെ ഐഡൻ്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ഫെന്നി നൈനാൻ തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല താൻ പുറത്ത് വിട്ടതെന്നും പറഞ്ഞു. രാഷ്ട്രീയമായി വേട്ടയാടാൻ ലക്ഷ്യമിട്ടുള്ളതാണ് കേസെന്നും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ കുറിച്ചു.
യുവതിയുമായി തുടക്കം മുതൽ സംസാരിക്കുന്ന ചാറ്റുകൾ ഉണ്ടെന്നും അതെല്ലാം ശാസ്തമംഗലം അജിത് സാർ, അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട് എന്നും ഫെന്നി നൈനാൻ പറഞ്ഞു. തന്റെ പോസ്റ്റുകൾ വായിച്ചവർക്ക് മനസിലാകും താൻ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെന്നി നൈനാൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
എനിക്കെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി , അശ്ലീല ചുവയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറിൽ ഉണ്ട്. എൻ്റെ പോസ്റ്റുകൾ വായിച്ചവർക്ക് മനസിലാകും ഞാൻ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുക യോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്. കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റിൽ പരാമർശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്ഐആറിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും. തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാർ , അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട്. ചാനലിൽ ഇന്ന് പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തിൽ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ
“ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല”







