തിരുവനന്തപുരം കോർപ്പറേഷനിൽ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് മേയർ വി വി രാജേഷ്. കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യുവെന്നും കൗൺസിലർമാരുമായി സംസാരിച്ച് പുതിയ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.
കോടതി വിധിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് ബിജെപിയെന്നും ജയിലിൽ ഉള്ള കൗൺസിലർ ആർ സുഗതൻ വിഷയം ഭരണത്തെ ബാധിക്കില്ലെന്നും വി വി രാജേഷ് പറഞ്ഞു. സുഗതനെ പുറത്തിറക്കാൻ നിയമപരമായ നീക്കം നടത്തും. സുഗതൻ ഇല്ലെങ്കിലും ഭരണം നിലനിർത്തുമെന്നാണ് മേയറുടെ ആത്മവിശ്വാസം.ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ഉള്ളത്. ഈ മാസം 29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.
Read more
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാണെന്നാണ് കോടതി വിധി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സിപിഎം കൗൺസിലർ എസ്. പി. ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അംഗങ്ങളെ ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അയോഗ്യരാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.







