വയനാട്ടില്‍ ഹോംസ്റ്റേയില്‍ റെയ്ഡ്, എം.ഡി.എം.എ പിടിച്ചെടുത്തു, നാല് പേര്‍ അറസ്റ്റില്‍

വയനാട് വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടി. പഴയ വൈത്തിരിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന ഹോംസ്റ്റേയില്‍ നിന്നാണ് പൊലീസ് എം.ഡി.എം.എ പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഥലത്ത് നിന്ന് വില്‍പനയ്ക്ക് വേണ്ടി സൂക്ഷിച്ച് വച്ചിരുന്ന 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.

പ്രതികളായ വൈത്തിരി സ്വദേശികളായ ഷെഫീഖ് സി.കെ, ജംഷീര്‍ ആര്‍.കെ, പ്രജോഷ് വര്‍ഗീസ്, കോഴിക്കോട് സ്വദേശിയായ റഷീദ് സി.പി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഹോംസ്റ്റേയില്‍ റെയ്ഡ് നടത്തിയത്. കല്‍പ്പറ്റ ഡിവൈ.എസ്.പി സുനില്‍ എം.ഡി, വൈത്തിരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.