ഹോം ക്വാറന്റൈന്‍ ലംഘനവും വാഹനങ്ങളിൽ അമിതയാത്രയും; പൊലീസിന്റെ മിന്നല്‍ പരിശോധന വരുന്നു

 

ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവരെയും വാഹനങ്ങളിൽ അമിതയാത്ര നടത്തുന്നവരെയും കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡി.ജി.പി. അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് ഡി.ജി.പി. പറഞ്ഞു.

വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പൊലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്ത് ഇടപഴകിയ ശേഷം വീട്ടുകാര്‍ മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞു.

ഇതുകൂടാതെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞതായാണ് റിപ്പോർട്ട് .

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ മാസ്ക് ഉപയോഗിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ മാസ്ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും എന്നും ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.