മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈയിന്‍ നിര്‍ബന്ധം; നിര്‍ദേശം ലംഘിച്ചാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈയിന്‍ നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. നിരീക്ഷണ നിര്‍ദേശം ലംഘിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. യാത്രാചരിത്രമുള്ളവരില്‍ രോഗ ലക്ഷണമുള്ളവര്‍ക്ക് മാത്രമായിരിക്കും പി.സി.ആര്‍ പരിശോധന നടത്തുക. ലക്ഷണമില്ലാത്തവര്‍ക്ക് പൂള്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം.

പ്രത്യേക കേന്ദ്രങ്ങളിലെ പരിമിത സൗകര്യങ്ങളിലുള്ള താമസം രോഗവ്യാപനത്തിന് വഴിവെച്ചേക്കാമെന്ന വിലയിരുത്തലിലാണ് വീട്ടില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രാഥമിക പരിശോധന നടത്തി ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കും അല്ലാത്തവരെ വീടുകളിലേക്കുമയക്കും. വീട്ടില്‍ പ്രത്യേക മുറിയും അനുബന്ധ സൗകര്യവുമുള്ളവരെ മാത്രമേ വീടുകളിലേക്ക് അയക്കൂ. പ്രദേശത്തെ ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊലീസ് സംവിധാനം സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ഹോം ക്വാറന്‍റൈയിന്‍ ചട്ടങ്ങള്‍ പാലിക്കുമെന്ന സമ്മതപത്രവും വാങ്ങും. ഇത് ലംഘിച്ചാല്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. സൗകര്യങ്ങളില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. യാത്രചരിത്രമുള്ളവരില്‍ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. അല്ലാത്തവര്‍ക്കായി പൂള്‍ ടെസ്റ്റിംഗ് നടത്തും. ഐ.സി.എം.ആറില്‍ നിന്ന് കൂടുതല്‍ ആന്‍റിബോഡി ടെസ്റ്റ് കിറ്റ് ലഭിക്കും വരെ ഈ രീതിയിലാകും പരിശോധന.