എച്ച്.എല്‍.എല്‍ ലേലം; കേന്ദ്ര നിലപാടിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നിഷേധിച്ച നിലപാടിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

എച്ച്.എല്‍.എല്‍ ലേലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ പൊതുമേഖല സ്ഥാപനങ്ങള്‍ക്കോ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ സംരംഭങ്ങള്‍ക്കോ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനാവില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഈ നിലപാടില്‍ വിയോജിപ്പ് അറിയിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കത്തയക്കുക.

കേന്ദ്രത്തിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായിട്ടാണ് എച്ച്.എല്‍.എല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. കമ്പനിയുടെ കേരളത്തിലുള്ള ആസ്ഥികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിലക്ക് വന്നിരിക്കുന്നത്.