പന്തലൊരുങ്ങുന്നത് പള്ളി മുറ്റത്ത്; അഞ്ജുവിന്റെ കല്ല്യാണ ചെലവ് മുഴുവന്‍ ഏറ്റെടുത്ത് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി

ചേരാവള്ളി അമൃതാഞ്ജലിയില്‍ ശശിധരന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെ കല്ല്യാണത്തിനായി പള്ളിമുറ്റത്ത് പന്തലൊരുങ്ങുകയാണ്.അതേസമയം കല്ല്യാണത്തിന്റെ മുഴുവന്‍ ചെലവും ഏറ്റെടുക്കുന്നതാവട്ടെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റിയും.

അഞ്ജുവിന്റെ അച്ഛന്‍ നാളുകള്‍ക്ക് മുമ്പ് മരിച്ചിരുന്നു. വിവാഹം നടത്താന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ അഞ്ജുവിന്റെ അമ്മ ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചു. നിര്‍ദ്ധന കുടുംബാംഗമായ ബിന്ദുവിന്റെ സഹായ അഭ്യര്‍ത്ഥന പളളി കമ്മിറ്റി അംഗീകരിച്ചു. വിവാഹത്തിന്റെ ചിലവുകള്‍ മൊത്തം വഹിക്കുന്നതിനു പുറമെ കമ്മറ്റി വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യും.പള്ളിക്കമ്മറ്റിയുടെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. ഈ ക്ഷണക്കത്ത് നല്‍കി വിവാഹം ക്ഷണിച്ച് തുടങ്ങി കഴിഞ്ഞു.

hindu women marriage in mosque

കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തുമായിട്ടാണ് അഞ്ജുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ വെച്ച്  ജനുവരി 19ന് രാവിലെ 11.30നും 12.30നുമിടയില്‍ ആണ് വിവാഹം.