ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഖേദപ്രകടനം നടത്തി എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്‍. ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അന്ന പറഞ്ഞു. എറണാകുളത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് താനിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ തെറ്റിദ്ധാരണ ഉണ്ടായതില്‍ ഏറെ വിഷമമുണ്ടെന്നും താനതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി . ഫെയ്സ്ബുക്കിലൂടെയാണ് അന്ന ഖേദപ്രകടനം നടത്തിയിത്.
കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളം കയറിയപ്പോള്‍ ഹൈബി ഈഡന്‍റെ വീടിന്‍റെ താഴത്തെ നിലയും വീട്ടില്‍ പാര്‍ക്ക് ചെയ്ത വാഹനവും മുങ്ങിപ്പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന ഇട്ട പോസ്റ്റിലുണ്ടായ സ്ത്രീവിരുദ്ധത, ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.
വെള്ളക്കെട്ടിനിടെ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ മാറ്റുന്ന വീഡിയോയും ഹൈബി ഈഡൻ എം.പി ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോയും ഒരുമിച്ചിട്ടുള്ള പോസ്റ്റിന് നല്‍കിയ വാചകമാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. “വിധി ബലാത്സംഗം പോലെ, തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക” എന്നായിരുന്നു ആ വീഡിയോകള്‍ക്ക് അവര്‍ നല്‍കിയ തലക്കെട്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും , ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാൻ മനസ്സിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛൻ അതീവ ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ICU ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുമ്പെങ്ങും ഇല്ലാത്ത വിധം വീട്ടിൽ വെള്ളം കയറി വലിയ നാശ നഷ്ടങ്ങൾ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കിൽ ഇലക്ഷൻ തിരക്കിലും..
അപ്പയുടെ അവസ്ഥ വളരെ മോശമാണ്. വെന്റിലേറ്റർ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം. ചിലപ്പോൾ നമ്മുടെ എല്ലാം ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം.
സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓർമ്മ. അമിതാഭ് ബച്ചൻ എ ബി സി എൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമര്‍ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്. ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസ്സിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Read more
https://www.facebook.com/anna.eden.16/posts/2863885553641360