സംസ്ഥാനത്ത് ശക്തമായ മഴ, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ആശങ്കയായി പകര്‍ച്ചവ്യാധികള്‍

സംസ്ഥാനത്ത് ശക്തമായ മഴ. ഇന്ന് എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്.

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവര്‍ ജാഗ്രത തുടരണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് മഴ ശക്തമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതും ആശങ്കയാകുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 10,121 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ മഴക്കാല പകര്‍ച്ചവ്യാധികളുടെയും വ്യാപനം ആശങ്ക ഉയര്‍ത്തുന്നു.

Read more

പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.