കനത്തമഴ; ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റീമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. മൂവാറ്റുപുഴ, കളമശേരി മേഖലകളിലും, കൊച്ചി സൗത്ത് റയില്‍വേ സറ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി റോഡ്, പനമ്പള്ളി നഗര്‍, കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ലും വെള്ളക്കെട്ട് രൂക്ഷമാണ്. കളമശേരിയില്‍ വീടുകളിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിലാല്‍ ഇവിടെനിന്നും ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ല താലൂക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം തുടങ്ങി.

Read more

അതിനിടെ ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണു. കോമ്പയാര്‍ പുതുക്കില്‍ സുരേഷിന്റെ വീട്ടിലാണ് മരം വീണത്. അപകടത്തില്‍ ആളപായമില്ല. കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയില്‍ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.