'താൻ എല്ലാവരേയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു'; ബിജെപി നേതാവിന്‍റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ അനില്‍കുമാറിന്‍റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങൾ പുറത്ത്. താൻ എല്ലാവരേയും സഹായിച്ചെന്നും എന്നാൽ പ്രതിസന്ധിവന്നപ്പോൾ ഒറ്റപ്പെട്ടുവെന്നും അനിൽ കുമാർ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ബിജെപി നേതൃത്വത്തിനെതിരെയും ആത്മഹത്യ കുറിപ്പിൽ വിമ‍‍ർശനമുണ്ട്.

വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം ബാധ്യതയുണ്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്‍റെ പേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. അനിൽ കുമാറിനെ ഇന്ന് രാവിലെയാണ് തിരുമലയിലെ കൗൺസിലർ ഓഫീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read more