ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി വേണം; യു.ഡി.എഫ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി

ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്, ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. കര്‍ഷക ആത്മഹത്യകള്‍ ജില്ലയില്‍ വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്താനാണ് അനുമതി തേടിയിരിക്കുന്നത്. ഈ മാസം ഒമ്പതിന് ഹര്‍ത്താല്‍ നടത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 27 ന് ഈ ആവശ്യമുന്നയിച്ച് ഡിസിസി പ്രസിഡന്റ് കത്ത് നല്‍കിയിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം ജില്ലാ നേതൃയോഗത്തിലുണ്ടാകും. ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യു.ഡി.എഫ് ഭാരാവാഹികള്‍ അറിയിച്ചു.

പരീക്ഷ നടക്കുന്ന സമയമായത് കൊണ്ട് വിദ്യാര്‍ത്ഥികളെ ഹര്‍ത്താല്‍ പ്രതികൂലമായി ബാധിക്കുമെന്ന് യു.ഡി.എഫിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഹര്‍ത്താലിന് പകരം പ്രതിഷേധ പരിപാടി മതിയെന്നാണ് ഇവരുടെ അഭിപ്രായം. ഇതും ജില്ലാ നേതൃയോഗം പരിഗണിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.