മിന്നല്‍ പരിശോധനയ്‌ക്ക് എത്തിയ ഭക്ഷ്യമന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി

തിരുവനന്തപുരത്ത് സ്‌കൂളില്‍ മിന്നല്‍ പരിശോധനക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് നല്‍കിയ ഭക്ഷണത്തില്‍ തലമുടി. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷണത്തില്‍ നിന്ന് മന്ത്രിക്ക് തലമുടി കിട്ടിയത്. തുടര്‍ന്ന് മന്ത്രിക്ക് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു.

സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളില്ലെന്ന് മന്ത്രി കണ്ടെത്തി. കഴിഞ്ഞ ദിവസം മന്ത്രി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു.

ഇന്നും പരിശോധന തുടരും. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൈമാറും. നെയ്യാറ്റിന്‍കരയിലെ ഒരു സ്‌കൂളില്‍ അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഒരാഴ്ചക്കകം ജലഅതോറിറ്റിയും മറ്റു വകുപ്പുകളും ചേര്‍ന്ന് എല്ലാ സ്‌കൂളുകളിലെയും കുടിവെള്ളപരിശോധന പൂര്‍ത്തിയാക്കും. ശേഷം ആറുമാസത്തിലൊരിക്കല്‍ കുടിവെള്ള പരിശോധന നടത്തും.